" മുട്ടം "...'ശ്യാമ സുന്ദര കേര കേദാര ഭൂമി' എന്ന ഏഷ്യാനെറ്റിന്റെ ടൈറ്റില്‍ സോങ്ങ് എഴുതിയ ചേട്ടന്‍ ഉദേശിച്ച ശ്യാമവും സുന്ദരവും ആയ നാട് ഏതാണെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ മുട്ടംകാര്‍ക്ക് യാതൊരു സംശയവും ഇല്ല..എന്തായാലും ഞങ്ങളുടെ നാടിനെ കുറിച്ചുള്ള കഥ വഴിയെ പറയാം... ഇപ്പോള്‍ നാട്ടുകാരെ കുറിച്ച്... മൊത്തം നാട്ടുകാരെ കുറിച്ചുമല്ല...നാട്ടിലെ കുറച്ചു തല്ലിപ്പൊളി കൂട്ടുകാരെ കുറിച്ച്...ഞങ്ങളെക്കുറിച്ച്...
അബിത്ത്...
പണ്ടൊക്കെ അച്ഛന്‍റെയും അമ്മയുടെയും കൂടെ ജോലി ചെയ്യുനവരുടെ മക്കളൊക്കെ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോകുന്നത് കണ്ടു ഞാനും എഞ്ചിനീയര്‍ ആകും എന്ന് സ്വപനം കണ്ടു നടന്ന ചെറുക്കന്‍ .. പക്ഷെ അവിടെ എത്തി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ആണ് മനസിലായത് ഇതൊന്നുമല്ല തന്‍റെ വഴിയെന്ന്( അല്ലാതെ പഠിക്കാനുള്ള താല്‍പര്യകുറവല്ല ...)പഠനം കഴിഞ്ഞപ്പോള്‍ തന്നെ പഠിപ്പിച്ചു ഒരു പരുവമാക്കിയ ടീച്ചര്‍മാര്‍ക്കുള്ള ഗുരു ദക്ഷിണയായി ( അല്ലെങ്കില്‍ അവരോടു പകരം വീട്ടാനായി) പഠിപ്പിക്കാന്‍ പോയി. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ അവനു മനസിലായി ഇപ്പോഴത്തെ കുട്ടികള്‍ക്ക് out of syllabus ആണ് താല്പര്യം എന്ന്..അതുകൊണ്ട് കിട്ടിയ ആ ജോലിയും ഉപേഷിച്ച് ഇപ്പോള്‍ വീട്ടില്‍ ഇരുന്നു പൌലോ കൊയ്‌ലോ അറുബോറന്‍ നോവലുകളും വായിച്ചു ഭാവിയെ കുറിച്ച് സ്വപ്നം കണ്ടും ( ഭാവി ജോലിയെ കുറിച്ചാണോ അതോ ഭാവി വധുവിനെ കുറിച്ചാണോ എന്ന് അവനു മാത്രം അറിയാം ) സമയം കളയുന്നു . സ്വന്തം വീടിനടുത് മനുഷവാസം കുറവായത് കൊണ്ട് ഇടയ്ക്കിടെ മനുഷ്യരെ കാണാന്‍ വേണ്ടി അവന്‍ നാട്ടിലിറങ്ങും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവന്‍ നല്ല ഒരു കല കാരന്‍ ആണ്, നല്ല ഒരു ഹോക്കി കളിക്കാരന്‍ ആണെന്ന് കാണിക്കാന്‍ വേണ്ടി ഒരു ഹോക്കി സ്റ്റിക് ബെഡ് റൂമില്‍ വെച്ചിട്ടുണ്ട് ( തന്നെ തല്ലാന്‍ വന്ന ഏതോ ഒരു പെണ്ണിന്‍റെ ആങ്ങളയുടെ കയ്യില്‍ നിന്നും വിലക്ക് വാങ്ങിയതാന്നെന്നും ഒരു കഥയുണ്ട് ).യാത്രയെ ഒരുപാടിഷ്ടപെടുന്ന ഇവനാണ് ഞങ്ങള്‍ക്ക് ട്രിപ്പ് പോകാനുള്ള പ്രജോദനം..
അരവിന്ത് (സോനു)...
നമ്മള്‍ കുറച്ചു കഴിഞ്ഞു പരിചയപെടാന്‍ പോകുന്ന ഉണ്ണിയുടെ അനിയന്‍...മുട്ടം അധികം താമസിയാതെ തിരിച്ചറിയാന്‍ പോകുന്ന കലാകാരന്‍..കുറച്ചു നാളായി ബാംഗളൂരില്‍ ആണ് ഇവന്റെ താമസം..നല്ല മഴയുള്ള ഒരുകൊച്ചുവെളുപ്പാന്‍ കാലത്ത് ക്യാമറയും എടുത്ത് ഇറങ്ങിപ്പോയപ്പോളാണ് അവന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം ഞങ്ങളും തിരിച്ചറിയുന്നത് അവനില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കലാകാരന്‍ ഉണ്ടായിരുന്നുവെന്ന്...എന്തായാലും ആ പോക്ക് പൊയ് അവന്‍ നിന്നത് കോയമ്പത്തൂരില്‍..അവിടുന്ന് ബാംഗ്ലൂര്‍...(ഇതിനിടയില്‍ അവന്‍ ബ്രേക്ക് ഇട്ടതു അച്ഛനെ കൂട്ടി ചെന്നില്ലെങ്കില്‍ ഏതോ ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ്...)....അവിടെനിന്നും കാസര്‍ഗോഡ് (എന്ടോസള്‍ഫാനേകുറിച്ച് ഡോക്യുമെന്റരി എടുക്കാന്‍)..അവിടെ നിന്നും തിരിച്ചു പോയ വഴി അവന്‍ കയറിയ വണ്ടി മാഹിയില്‍ എത്തിയപ്പോള്‍ പഞ്ചര്‍ ആയി എന്ന് പേപ്പറില്‍ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു..എന്തായാലും സോനു അങ്ങനെ യാത്രകളിലാണ്...അധികം താമസിയാതെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു അഭിമാനിക്കാനുള്ള എന്തെങ്കിലും ഒക്കെയായി അവന്‍ തിരിച്ചു വരും...
ബിനു...
വിമാനങ്ങള്‍ എന്നും ബിനുവിന്റെ കൂട്ടുകാരായിരുന്നു.. അച്ഛന്റെ തോളില്‍ ഇരുന്നു ദൂരെ ആകാശത്ത് പറന്നു പോകുന്ന വിമാനത്തെ കണ്ടുകൊണ്ട് ചോറ് ഉണ്ടിരുന്ന കൊച്ചു ബിനു വളര്‍ന്നു വലുതായപ്പോള്‍ വിമാനങ്ങളുടെ കൂട്ടത്തിലേക്ക് നടന്നുപോയത് തികച്ചും സ്വാഭാവികം മാത്രം..പക്ഷെ aeronautical engineering പഠിച്ചു കഴിഞ്ഞപ്പോളാണ് ബിനുവിനു മനസിലായത് പണ്ട് പലപ്പോഴും അച്ഛന്‍ വിമാനം എന്ന് പറഞ്ഞു കാണിച്ചു തന്നിരുന്നത് ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തിനെ ആയിരുന്നു എന്ന്..എന്തായാലും അന്നും ഇന്നും എന്നും ബിനുവിന്റെ മനസ്സില്‍ വിമാനങ്ങള്‍ക്ക് ഈശ്വരന്‍മാരോടൊപ്പമാണ് സ്ഥാനം..ഇപ്പോള്‍ ബിനു അകലെയെവിടെയോ പറന്നു പോകുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെയും നോക്കി ബാംഗലൂരിലുള്ള തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുകയാണ്...പഴയൊരു സ്വപ്നവും താലോലിച്ചുകൊണ്ട്... ഞങ്ങളുടെ മുട്ടം ടൌണില്‍ വിമാനം നന്നാക്കാന്‍ മാത്രമായുള്ള ഒരു വര്‍ക്ക്‌ഷോപ്പ് ...
ജെറിന്‍...
ജെറിന്‍..എന്താ പറയുക...MBA കഴിഞ്ഞു...ബാങ്കില്‍ ജോലി ചെയ്യുന്നു...പക്ഷെ ആ പ്രായത്തിന്റെയോ ചെയ്യുന്ന ജോലിയുടെയോ പക്വത ഏഴയലത്ത് പോലും പോയിട്ടില്ല...ബിനുവിന്റെത് പോലെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു കുട്ടികാലം ജെറിനും ഉണ്ടായിരുന്നു...കമ്പ്യൂട്ടര്‍ വൈറസ് എന്ന ഭീകര ജീവി ടെലെഫോണ്‍ വയറില്‍ കൂടി കടന്നു വന്നു കമ്പ്യൂട്ടര്‍ന്റെ അകത്തു കയറി അകത്തുള്ള സാധനങ്ങള്‍ ഒക്കെ തിന്നു തീര്‍ക്കുന്നത് പേടിയോടെ നോക്കിയിരുന്ന ഒരു ബാല്യകാലം...Y2K വൈറസ് നെ കിട്ടിയാല്‍ കൈയോടെ തല്ലികൊല്ലാന്‍ ഒലക്കയുമായി ഒളിച്ചിരുന്ന 2000ലെ ന്യൂ ഇയര്‍ രാത്രി...കാലം മാറി...വൈറസിനെ പേടിച്ചിരുന്ന ജെറിനെ ഇന്നു വൈറസുകള്‍ പേടിക്കാന്‍ തുടങ്ങി..ജെറിന്റെ കമ്പ്യൂട്ടറിന്റെ സെക്യുരിറ്റി കടക്കാന്‍ ആമ്പിയര്‍ ഉള്ള ഒരു വൈറസും ഇന്ന് ഈ നാട്ടില്‍ ജീവനോടെ ഇല്ല...യാത്രകളെ സ്നേഹിക്കുന്ന, ചെറിയൊരു കലാകാരനായ ജെറിനും ഉണ്ട് സ്വകാര്യമായ ഒരു ആഗ്രഹം...ബൈക്ക് വീല്‍ ചെയ്യുന്നത് പോലെ എന്നെങ്കിലും ഒരു കാര്‍ വീല്‍ ചെയ്യിക്കണം..
പാട്രിക്...
പാട്രിക്കിനെ കുറിച്ച് പറയുമ്പോള്‍ പശുവിനെ കുറിച്ച് പറയണം..പശുവിനെ കുറിച്ച്പറയുമ്പോള്‍ പാട്രിക്കിനെ കുറിച്ചും പറയണം...ഇത് മുട്ടംകാരുടെ ഒരു അലിഖിത നിയമമാണ്...കാരണം അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രക്കും ദൃടമാണ്..ആ ആത്മബന്ധത്തിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്..ആ കഥ അവന്‍ തന്നെ പറയാം എന്ന് പറഞ്ഞിരിക്കുന്നത്കൊണ്ട് ഇപ്പോള്‍ ഞാന്‍ ഒന്നും പറയുന്നില്ല..പ്രകൃതിസ്നേഹിയും മൃഗസ്നേഹിയുമായ പാട്രിക് B Pharm എടുത്തതിനു പിന്നിലും ഒരു കഥ ഉണ്ട്..സംഭവം ഇത്തിരി പഴയതാണ്....ഒരിക്കല്‍ വീട്ടിലെ പശുവിന്റെ വയറിളക്കം മാറാന്‍ അച്ഛന്‍ പാട്രിക്കിനോട് മരുന്ന് വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു...കേട്ടപാതി കേള്‍ക്കാത്ത പാതി പാട്രിക് അന്ന് മരുന്ന് വാങ്ങാന്‍ ഓടിയ ഓട്ടം ഇന്നും മുട്ടത്തിലെ മുത്തശ്ശിമാര്‍ കൊച്ചുമക്കളോട് പറയും..എന്തായാലും പാട്രിക് അന്ന് വാങ്ങിച്ചുകൊണ്ടുവന്ന മരുന്ന് മാറിപോവുകയും പശു ചത്തു പോകുകയും ചെയ്തതിന്റെ സങ്കടത്തില്‍ MBBS പഠിക്കും എന്ന് തീരുമാനിച്ചെങ്കിലും, MBBS കൊണ്ട് പശുവിനെ ചികിത്സിക്കാന്‍സാധിക്കില്ല എന്ന് മനസിലാക്കുകയും (അല്ലാതെ എന്ട്രസിനു റാങ്ക് കുറവായിരുന്നതുകൊണ്ട് അല്ല) ഒടുവില്‍ അവസാനം B Pharm പഠിക്കുകയും ആയിരുന്നു..എന്തായാല് പാട്രിക് ആണ് ഇപ്പോള്‍ നാട്ടിലെ താരം..കൂട്ടത്തില്‍ അവന്റെ പശുവും...
ഉണ്ണി...
എഞ്ചിനീയര്‍ ആണോ എന്ന് ചോദിച്ചാല്‍ ആണ്..ഒന്നൂടെ ഉറപ്പിച്ചു ചോദിച്ചാല്‍ മറ്റുള്ളവര്‍ സംശയിച്ചില്ലെങ്കിലും ഉണ്ണി ഒന്ന് സംശയിക്കും..എന്തായാലും ചെയുന്ന ജോലി MBA കാരന്റെത്..പണ്ട് പാലക്കാട് NSSഇല്‍ mechanical engineering പഠിക്കാന്‍ പോയ 18 വയസുകാരന്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഒരു ചാക്കിന്റെ വലുപ്പം ഉണ്ടായിരുന്നു...ഇന്നിപ്പോള്‍ ആ ചാക്ക് കാലിയായി ഉണ്ണി അതില്‍ ഒളിച്ചിരിക്കുന്നു... പക്ഷെ എന്തായാലും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക ഗതാഗത മണ്ഡലങ്ങളില്‍ ഒരുപോലെ വ്യക്തി മുദ്ര പതിപ്പിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഉണ്ണി...ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ ഒരു ജര്‍മ്മനി ട്രിപ്പ് കഴിഞ്ഞു ഉണ്ണി നാട്ടില്‍ എത്തിയതെ ഒള്ളു..അവന്‍ തിരിച്ചു വന്നതിന്റെ ഫലമായി ഉറക്കം പോയത് ബിനുവിനും...വിമാനയാത്രയുടെ ആണിയും അക്കവും വരെ ഉണ്ണി ബിനുവിനെ പഠിപ്പിച്ചു കൊടുക്കുന്നത് കേട്ടാല്‍ കണ്ണ് നിറഞ്ഞു പോകും..പാവം ബിനു..കേള്‍ക്കാന്‍ അല്ലാതെ കൊല്ലാന്‍ പറ്റില്ലല്ലോ...
............................................................
സൌഹൃദത്തിന്റെ ആകാശനീലിമയില്‍ ഒരായിരം വര്‍ണങ്ങള്‍ വാരി വിതറിക്കൊണ്ട് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ജീവിതം ജീവിച്ചു തന്നെ തീര്‍ക്കുകയാണ്...ജീവിതത്തിന്റെ തിരക്കുകളുമായി നാടിന്റെ ഓരോരോ കോണുകളില്‍ ആയിരിക്കുമ്പോളും മനസിന്റെ മന്താരചെപ്പില്‍ ഒഴുകിയിറങ്ങുന്ന മഞ്ഞുതുള്ളികളായി, നനുത്ത ഒരുപിടി ഓര്‍മകളുമായി ഞങ്ങള്‍ കാത്തിരിക്കുന്നു കണ്ടുമുട്ടുന്ന ഓരോ നിമിഷങ്ങളും ഒരു ആയുസ്സിലെക്കുള്ള ഓര്‍മകളായി സൂക്ഷിച്ചു വെക്കാന്‍...
ഇതെഴുതുമ്പോള്‍ മനസുകളിലെന്നപോലെ പുറത്തും മഞ്ഞു തുള്ളികള്‍ പെയ്തു തുടങ്ങിയിരിക്കുന്നു...സമയം കടന്നു പോവുകയാണ്...പക്ഷെ ആ സമയം ഞങ്ങള്‍ക്കായി കാത്തുനില്‍ക്കും..ഒരു ദിവസം...അത് വരെ നിങ്ങള്‍ക്ക് സ്വാഗതം..ഞങ്ങളുടെ ലോകത്തിലേക്ക്...ഹൃദയപൂര്‍വം...